Tuesday 4 March 2014

ഈക്രു കഥകള്‍

അവനെ ആദ്യമായ് കണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യക്കായിരുന്നു.
സുന്ദരന്‍!!!ചെമ്പന്‍ കണ്ണുകളും, പഞ്ഞികെട്ടു പോലെ ഉള്ള രോമാകുപ്പായവും സര്‍വോപരി വാലിന്റെ തുമ്പത്തെ വെള്ള പൊട്ടും എന്നെ ഹടാല്‍ ആകര്‍ഷിച്ചു. വല്യച്ഛന്റെ കയ്യിലിരുന്ന്‍ വിടര്‍ന്ന കണ്ണുകളോടെ സാകൂതം അവനെന്നെ നോക്കി!! അന്നെനിക്ക് മൂന്ന് വയസ്സുണ്ടാവും. അവനു പേരിടാന്‍ ഉള്ള ദൌത്യം അമ്മ എന്നെ ഏല്പിച്ചു. ഞാന്‍ അവനെ വിളിച്ചു "ഈക്രു......!!!!"

ലോകത്ത് ഏതെങ്കിലും പട്ടികുഞ്ഞിനു അങ്ങനെ ഒരു പേരുണ്ടാവുമോ എന്നെനിക്കറിയില്ല. ആദ്യമായി എനിക്ക് കിട്ടിയ ഓമനമൃഗം!!അവനെ ചുറ്റിപറ്റി ആയി എന്റെ ദിനങ്ങള്‍. സ്റ്റോര്‍ മുറിയിലെ ഒരു ചൂരല്കൊട്ടയായിരുന്നു അവന്റെ കൂട്. രാത്രിയില്‍ അമ്മ അവനെ അതിലാക്കി തിരിയുമ്പോഴെക്കും അവന്‍ എന്റെ കട്ടിലില്‍ ഉണ്ടാവും. അവനെ എന്റെ കൂടെ കട്ടിലില്‍ കിടത്താന്‍ വേണ്ടി ഞാന്‍ വാശി പിടിച്ചു കരഞ്ഞു.

പാത്രത്തില്‍ പാലൊഴിച്ച് വച്ച് വിളിച്ചാല്‍ ഓടിയെത്തും. പിന്നെ ആകെ ഒരു വെപ്രാളം ആണ്. ഗള്‍പ് ഗള്‍പ് എന്ന് കുടിച്ച് കുടിച്ച് അറിയാതെ പിന്കാല്‍ പൊക്കി പോകും. ദാ കിടക്കുന്നു മൂക്കും കുത്തി പാല്‍ പാത്രത്തില്‍!!!!പതുക്കെ നമ്മളെ ഒളികണ്ണിട്ട് നോക്കും. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ പാലുകുടി തുടരും.

എന്നേക്കാള്‍ വേഗം അവന്‍ വളര്‍ന്നു. അവന്റെ കൂട് ഞങളുടെ വീടിനോട് ചേര്‍ന്ന് തന്നെ ആയിരുന്നു. ജന്നലിലുടെ നോക്കിയാല്‍ അവനു വീടിനകം കാണം. എനിക്ക് കഴിക്കാന്‍ അമ്മ എന്ത് തന്നാലും ഒരു പങ്ക് ജന്നലിലുടെ അവനും കിട്ടും.അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ കുസൃതി കാട്ടിയതിനു അച്ഛന്‍ എന്നെ തല്ലാന്‍ പിടിച്ചു. അവന്റെ ജന്നലിനരികെ നില്‍ക്കുവാരുന്നു ഞങ്ങള്‍. ഉറക്കെ കരഞ്ഞത് മാത്രം എനിക്കോര്‍മയുണ്ട്. പിന്നെ കാണുന്നത് അവന്‍ പല്ലിളിച്ചു കുരര്ച്ചു കൊണ്ട് അച്ഛന്റെ നേര്‍ക്ക് ചാടുന്നതാണ്. അങ്ങനെ അന്ന് ഞാന്‍ അടി കിട്ടാതെ രക്ഷപെട്ടു.പിന്നെ ഒരിക്കലും അവിടെ വച്ച് എനിക്ക് അടി കിട്ടിയിട്ടില്ല.

അച്ഛന്‍ വഴക്ക്‌ പറഞ്ഞാ പിറ്റേന്ന് അവന്‍ കൂട്ടില്‍ കയറില്ല. പാവം അച്ഛന്‍..തുടലും കൊണ്ട് അവന്‍റെ പിന്നാലെ നടക്കും.പിന്നെ എങ്ങനീലും പിടിച്ചു പൂട്ടും. ഒരിക്കല്‍ അടി കിട്ടിയ ദേഷ്യത്തില്‍ അവന്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആ വീട്ടിലെ സര്‍വ മനുഷ്യരും വന്നു മാപ്പ് അപേക്ഷിച്ച് അവസാനം അവനെ നിലത്തിറക്കി.

വര്‍ഷങ്ങള്‍ കടന്നു പോയി. വയസാവുന്തോറും അവന്‍ പൂട്ടാന്‍ വിളിച്ചാല്‍ വരാതെയായി. വയസായില്ലേ..അവന്റെ ഇഷ്ടത്തിന് ആയിക്കോട്ടെ എന്ന് ഞങ്ങളും വിചാരിച്ചു. ഒരു ദിവസം രാത്രി പോയ അവന്‍ തിരിച്ചു വന്നില്ല. അവന്റെ പേരു വിളിച്ച് എല്ലായിടത്തും നടന്നു.അവന്‍ വന്നില്ല. രാത്രി ആരും കാണാതെ ഞാന്‍ കുറെ കരഞ്ഞു. കുറച് ദിവസങ്ങള്‍ കഴിഞ്ഞ് എന്റെ ചോദ്യങ്ങള്‍ സഹിക്കാതെ അമ്മ പറഞ്ഞു.." അവന്‍ ഇനി വരില്ല..അവന്‍ പോയി." ഒരു കരച്ചില്‍ പ്രതീക്ഷിച്ചു നിന്ന അമ്മയെ നോക്കി പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ ഞാന്‍ നിന്നു. "പോവാനോ??? എങ്ങോട്ട്??" ഞാനത് വിശ്വസിച്ചില്ല. ഞാന്‍ വിളിക്കുമ്പോ വാലിന്റെ തുമ്പത്തെ വെളുത്ത പൊട്ടു കുലുക്കി അവന്‍ എവിടുന്നേലും ഓടി വരും. ഞാന്‍ കാത്തിരുന്നു....


ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോ ആണ് കുട്ടായി അണ്ണന്‍ ഒരു രാജപാളയം പട്ടിയെ വാങ്ങി കൊണ്ടുവരുന്നത്. ഏതാണ്ട് രണ്ടു വയസോളം കാണും. വല്യ ഒരു പട്ടി!!! സ്കോബീടുവിന്റെ ഒരു ച്ഛായ!!! ഇഷ്ടമുള്ള പേരു വിളിച്ചോ എന്ന് അണ്ണന്‍ പറഞ്ഞു. ഞാന്‍ അവനെ വിളിച്ചു " ഈക്രു......"

തല്‍ക്കാലം കഥ അവിടെ നില്‍ക്കട്ടെ..ബാക്കി നാളെ പറയാം....

4 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ezhuthukalkku nalla sakthiyundu.kurachu koodi serious aayulla theme select cheythal kooduthal nannavumennu thonunnu.
      by
      www.hafsathsulaiman.blogspot.in

      Delete