Thursday 26 June 2014

സ്നേഹ തണല്‍ മരം

കുട്ടികള്‍ക്ക് മരണവും കല്യാണവും എല്ലാം ഒരു പോലെ ആണെന്ന് എനിക്ക് പലപോഴും തോന്നിയിട്ടുണ്ട്. കൂട്ട് ചേര്‍ന്ന് കുത്തി മറിയാന്‍ ഉള്ള അവസരങ്ങള്‍. ഒരു പക്ഷെ ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ അവര്‍ക്ക് താല്പര്യം ഇല്ലായിരിക്കാം. ഇല്ലെങ്കില്‍ എപ്പോഴോ തങ്ങള്‍ക്കും വിധിക്കപെട്ട  ആ ദിവസം വരുന്നതിനു മുന്‍പേ ജീവിതം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കണം എന്ന് മുതിര്‍ന്നവര്‍ക്ക് കാട്ടി തരുന്നതും ആവാം

എന്തൊക്കെ തന്നെ ആയാലും എന്റെ കുട്ടിക്കാലവും ഒട്ടും വ്യതസ്തം ആയിരുന്നില്ല. ഒരുമിച്ച് കാണാന്‍ പറ്റുന്ന അവസരങ്ങള്‍ എന്നതില്‍ അപ്പുറം എന്തോ ഒന്ന് മനസ്സില്‍ ആദ്യമായി തോന്നിയത് അമ്മാമ്മ മരിച്ചപ്പോഴാണ്. ഇനി ഒരിക്കലും അമ്മാമ്മയെ കാണാന്‍ പറ്റില്ല എന്ന തിരിച്ചറിവ്, ഓര്‍മ നഷ്ടപെട്ട് സുഖമില്ലാതെ യെങ്കിലും അമ്മാമ്മ ഞങ്ങളുടെ കൂടെ ഉണ്ട് എന്നത് ഒരു ധൈര്യം ആയിരുന്നു. വലുതായി കഴിഞ്ഞപ്പോ ഒരിക്കലും വയ്യാതെ കിടക്കുന്ന അമ്മാമ്മയെ പറ്റി ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ മനപുര്‍വം ശ്രമിച്ചു. പകരം പറമ്പിലും തൊഴുത്തിലും എല്ലാം പണിക്കാരെ വഴക്ക് പറഞ്ഞും പെണ്ണുങ്ങളെ കൊണ്ട് പണി ചെയിച്ചും നടക്കുന്ന, സന്ധ്യക്ക് നാമം ചൊല്ലുന്ന, സ്കൂള്‍ വിട്ടു വന്ന മുതല്‍ക് എന്നെ കൊണ്ട് വിളക് ഒരുക്കാനും പൂ പറിക്കാനും ഓടിക്കുന്ന അമ്മാമ്മയെ പറ്റി ഓര്‍ക്കാന്‍ ശ്രമിച്ചു.

വലിയവീട്ടിലെ അമ്മ എന്നത് പ്രധാനമന്ത്രിയേക്കാള്‍ നാട്ടുക്കാര്‍ക്ക് ആദരവും ഒപ്പം പേടിയും ഉളവാക്കുന്ന ഒരു പേരായിരുന്നു. ചുറ്റും താമസിക്കുന്നവര്‍ക്ക് ഓല മേയാന്‍ ഞങ്ങളുടെ പറമ്പിലെ ഓലയും തീ എരിക്കാന്‍ മടലും ഒക്കെ കൊടുക്കും. പക്ഷെ രണ്ടു വഴക്ക് പറഞ്ഞെ കൊടുക്കു. എന്തിനാ എന്ന് കേള്‍ക്കുന്നവര്‍ക്ക് അറിയമാരിക്കും!! ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും നല്ലത്.!! എനിക്ക് കിട്ടുന്നത് വിളക് ഒരുക്കാന്‍ വ്യ്കുന്നതിനു ആരുന്നെങ്കില്‍ കുട്ടായി അണ്ണന്‍ വാങ്ങിക്കുന്നത് പഴയ അമ്പസിടെര്‍ കാര്‍ ഓണ്‍ ആക്കി ഇരപ്പിച് ഉറങ്ങുന്ന അമ്മുവിനെ ഉണര്തുന്നതിനു ആരുന്നു. ശീമാട്ടി ചേച്ചിക് മാത്രം വഴക്ക് കിട്ടിയിട്ടില്ലന്നു തോന്നുന്നു. അപ്പചിമാരുടെ മക്കള്‍ വല്ലപോഴും വരുന്നത് കൊണ്ടാവാം..അവരും വഴക്ക് കേട്ടിട്ടില്ല..

എത്ര വഴക്ക് പറഞ്ഞാലും സന്ധ്യക് എനിക്ക് നാമം ചൊല്ലി തരും, എല്ലാ മാസവും പോസ്റ്മാന്‍ പെന്‍ഷന്‍ കൊണ്ട് വരുമ്പോ എനിക്കും കിട്ടും ഒരു പങ്ക്..തേങ്ങ ഇട്ട കാശു എല്ലാര്ക്കും പങ്കു വെക്കാന്‍ ഞാന്‍ ആരുന്നു അസിസ്റ്റന്റ്‌. അതിനും കിട്ടും ശമ്പളം. ഇതൊക്കെ പിന്നെ വല്യച്ചനും എനിക്ക് മാത്രം അനുവദിച്ച ആനുകുല്യങ്ങള്‍ ആരുന്നു.

ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ വരുമ്പോ ഒക്കെ എനിക്ക് തോന്നും പണ്ട് അച്ഛന്റെ അടി വാങ്ങിയിട്ട് കരഞ്ഞു കൊണ്ട് ഓടി ചെല്ലുന്ന പോലെ ഓടി ചെല്ലാന്‍ അമ്മാമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന്..പക്ഷെ എനിക്കറിയാം മരിച്ചുപോയ എന്റെ പിത്രുക്കളുടെ സ്നേഹത്തില്‍ കുളിച് നില്‍ക്കുകയാണ് ഞാന്‍ എന്ന്...നിലാവില്‍ കുളിച്ച പുഴ പോലെ...