Wednesday 9 July 2014

ഒരു കറുത്ത അമ്പാസ്സിടര്‍ കാറും കുറെ ഹൈഡ്രജന്‍ ബലൂണുകളും

കറുത്ത അമ്പാസ്സിടര്‍ കാറും  ഹൈഡ്രജന്‍ ബലൂണുകളും തമ്മില്‍ എന്താണ് ബന്ധം??? നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഇത് രണ്ടും കാണുമ്പോള്‍ എനിക്ക് ഇപ്പോഴും ചിരി പൊട്ടും!!! കാര്യം എന്താണെന്നല്ലേ!! ആ കഥ കേട്ടോളു!!!!

അമ്മാമ്മയുടെ മരണത്തിനു ശേഷം സഞ്ചയനം വരെ എല്ലാവരും തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ കാപ്പി തന്നിട്ട് എല്ലാ കുട്ടികളും പോയി കുളിച്ചു വരാന്‍ ഓര്‍ഡര്‍ കിട്ടി. അങ്ങനെ എല്ലാവരും കുളിക്കാന്‍ പോയി.
കുളിച്ചു വന്ന എന്റെ കയില്‍ ഒരു ലുങ്കി തന്നിട്ട് അമ്മ പറഞ്ഞു "പോടിമോന്റെ ഉടുപ്പൊന്നും എടുക്കാതെയാ അവര് വന്നത്..നീ ഇത് അവനു കൊടുക്ക്..അവന്‍ ടെറസ്സില്‍ ഉണ്ട്." അങ്ങനെ ഞാന്‍ അതും കൊണ്ട് ടെറസില്‍ ചെന്നു. അവിടെ ഒരാള്‍ ഭയങ്കര തുണി അലക്ക്!! തോര്‍ത്ത്‌ മുണ്ടൊക്കെ ഉടുത് വല്യ സ്റ്റൈലില്‍ !!!എന്നെ കണ്ടപ്പോ ചെറിയ ജാള്യതയോടെ ലുങ്കി വാങ്ങിച്ചു കൊണ്ട് പോയി. എനിക്കാണേല്‍  വല്യ ലുങ്കിയും ഉടുത് നിക്കുന്ന കൊച്ചു പയ്യനെ കണ്ടിട്ട് ചിരി സഹിക്കാനും വയ്യ. ഞാന്‍ പറഞ്ഞു " വാണി ചേച്ചി കുളിച്ചു വന്നു കാണും..വാ.. നമുക്ക് കളിയ്ക്കാന്‍ പോവാം." പൊടിയുടെ മുഖം മാറി. ഷര്‍ട്ടും പാന്റും ഉണങ്ങാതെ താഴോട്ട് വരില്ല എന്ന് വാശി. അവസാനം എന്തായി!! ഞാനും കൂടെ ഇരുന്നു തിരിച്ചും മറിച്ചും ഇട്ടു ഉടുപ്പ് ഉണക്കി എടുത്തു. അതെല്ലാം സഹിക്കാം..ഉടുപ്പൊക്കെ ഇട്ടു വന്നു ഒരു ഭീഷണിയും.."ലുങ്കി ഉടുത്ത കാര്യം ആരോടേലും പറഞ്ഞാ നിന്നോട് മേലില്‍ മിണ്ടുല്ല!!! അപ്പോഴെ ഞാന്‍ വിചാരിച്ചു "ഇത് എപ്പോഴേലും ഞാന്‍ എല്ലാരോടും പറയും!!!"

അങ്ങനെ വല്ല വിധേനയും  താഴെ വന്നപ്പോ അമ്മ അടുത്ത പണിയുമായ്‌ വന്നു.  അടുത്തുള്ള കടയില്‍ സോപ്പ്  വാങ്ങാന്‍ പോകാന്‍!!!ഉടുപ്പു ഉണക്കിയതിന്റെ സ്നേഹം കൊണ്ടാവാം പൊടിയും എന്റെ കൂടെ വന്നു. അത് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി!!! അങ്ങനെ രണ്ടും കൂടി യാത്രയായി. കണ്ട പറങ്കിമാവിനൊക്കെ കല്ലെറിഞ്ഞും മാങ്ങ പറക്കിയും ഏറ്റവും വളഞ്ഞ വഴിയില്‍ കൂടിയാണ് പോക്ക്.

ഞങ്ങളെ കണ്ടതും കടക്കാരന്‍ ചോദിച്ചു.."അല്ല മാളൂട്ടിയെ..മോള്‍ടെ സൈക്കിള്‍ എവിടെ??". അതെന്റെ ചങ്കില്‍ കൊണ്ടു. ഞാന്‍ മനസ്സില്‍ വിചാരിച്ചു.." ദുഷ്ടാ..അപ്പൊ താന്‍ ആണല്ലേ എന്റെ ഓവര്‍സ്പീഡിനെ പറ്റി അച്ഛനോടു  പറഞ്ഞു കൊടുത്തത്..തനിക് ഞാന്‍ വെച്ചിടുണ്ട്!!! അപ്പോഴാണ് ആ കറുത്ത അമ്പസ്സിടാര്‍ കാറിന്റെ എന്‍ട്രി!!!

പാലം കടന്നു സാമാന്യം നല്ല സ്പീഡില്‍ വന്ന ആ കാര്‍ കടയുടെ അടുത്ത് വന്നു സ്ലോ ചെയ്തു..കറുത്ത കാറിന്റെ കറുത്ത ഗ്ലാസ്‌ പതുക്കെ താഴ്ന്നു. ഒരു കൊമ്പന്‍ മീശക്കാരനെ കാണാറായി. അയാള്‍ കനത്ത ശബ്ദത്തില്‍ കടക്കാരനോട് ചോദിച്ചു" ഇവിടെ അടുത്ത് ഇന്നലെ ഒരു മരണം നടന്ന വീട് എവിടെയന്നറിയാമോ?? കടക്കാരന്‍ പറഞ്ഞു " ദേ..ഈ പിള്ളേര്‍ അവിടുത്തെയാ..അവര് കാണിച്ചു തരും." വീട് പറഞ്ഞു കൊടുക്കാന്‍ വേണ്ടി കാറിന്റെ അടുത്തേക്ക് നീങ്ങ്യത് മാത്രം എനിക്ക് ഓര്‍മയുണ്ട്..പിന്നെ നടന്നത് എന്താന്ന് മനസില്ലവുമ്പോ പൊടി എന്റെ കയും പിടിച്ചു ആ കാറിനേക്കാള്‍ സ്പീഡില്‍ ഓടികൊണ്ടിരിക്കുവാ!!!! ഏതൊക്കെയോ വഴിയിലൂടെ ഞങ്ങള്‍ ഓടി.. തളര്‍ന്നപ്പോ കയ്യിലെ പിടി വിടുവിച്ചു നിന്നിട്ട് ഞാന്‍ ചോദിച്ചു " അണ്ണന്‍ എന്തിനാ ഇങ്ങനെ ഓടുന്നെ???

"എടീ മണ്ടി...കറുത്ത കാറില്‍ വരുന്നത് പിള്ളേരെ പിടിത്തക്കാരാടീ!!!!"  അപ്പൊ എന്റെ അടുത്ത ചോദ്യം. "പിള്ളേരെ പിടിത്തക്കാര്‍ അതിനുവെളുത്ത  മാരുതി ഓംനി  വണ്ടിയില്‍ അല്ലെ വരുന്നെ???

പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി നിന്റെ ജീവിതം രക്ഷിച്ച വീര നായകന്‍ ഞാനാണ്‌ എന്ന മട്ടില്‍ പൊടി മുന്നേ വീട്ടിലേക്ക് നടന്നു. മണ്ടത്തരം കാണിച്ചു എന്ന കുറ്റബോധത്തോടെ ഞാന്‍ പിറകെയും.

ഉമ്മറത്ത്‌ ആരുടെ ഒക്കെയോ ഒച്ച കേട്ടാണ് ഞങ്ങള്‍ ചെന്നത്. പതുക്കെ തല എത്തിച്ചു നോക്കി. ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല. കാരണം ..പിള്ളേരെ പിടിക്കാന്‍ വന്ന ആ കറുത്ത കാര്‍ പോര്‍ച്ചില്‍ കിടക്കുന്നു..കൊമ്പന്‍ മീശക്കാരന്‍ ഉമ്മറത്തിരുന്നു മാമനോടും വല്യച്ചനോടും സംസാരിക്കുന്നു...!!!!

അന്ന് മുങ്ങിയ ഞങ്ങള്‍ പിന്നെ പൊങ്ങുന്നത് അടുത്ത ഓണത്തിനാണ്.!!!
ഹൈഡ്രജന്‍ ബലൂണിന്റെ കഥ നടക്കുന്നത് ഒരു ഓണക്കാലത്താണ്.

ഒരു ഓണക്കാലം!!! ആദ്യമായി കിട്ടിയ ഫാന്‍സി ചെരിപ്പും, ചോളിയും ഒക്കെ ഇട്ടു ഞാന്‍ പൊടിയുടെ കൂടെ വള്ളം കളി കാണാന്‍ പോയി. ഓണത്തിന് ഞങ്ങള്‍ക്ക് പൊടി ബലൂണ്‍ വാങ്ങി തരും. ആ ഓണത്തിനാണ് ആദ്യമായി ഹൈഡ്രജന്‍ ബലൂണ്‍ ഞങ്ങള്‍ കാണുന്നത്. വള്ളം കളി കാണുന്നതിനിടെ എപ്പോഴോ ഉയരത്തില്‍ പൊങ്ങി പറക്കുന്ന കുറെ ബലൂണുകള്‍ ഞാന്‍ കണ്ടു. അത് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. നടന്നു നടന്നു കുറെ ദൂരം എത്തി. അപ്പോഴേക്കും ഞങ്ങള്‍ക്ക് വഴി തെറ്റി പോയിരുന്നു. ഞങ്ങള്‍ തിരിച്ചു നടന്നു. അപ്പോഴാണ് മുന്നില്‍ ഒരു ചെളികുണ്ട്!!! പൊടി അതെങ്ങനെയോ ചാടി.. എന്നിട്ട് ചാടിക്കോ അണ്ണന്‍ പിടിച്ചോളാം എന്ന് ഡയലോഗും!!!ഞാന്‍ എല്ലാ ദൈവങ്ങളേം വിളിച്ച ഒറ്റ ചാട്ടം!! ദേ കിടക്കുന്നു ചെളികുണ്ടില്‍!!! മൂക്കില്‍ ചെളി  കേറി  ചാവാന്‍ ആണല്ലോ എന്റെ വിധി എന്നോര്‍ത്ത് ഞാന്‍ നിലവിളിച്ചു...ചെരുപ്പ് പോയി!!! ചോളി ചെളിയായി!!! ആരൊക്കെയോ ഓടി വന്നു എന്നെ പിടിച്ചു കേറ്റി..അങ്ങനെ ആ തവണയും എനിക്ക് പണി കിട്ടി!!!!

പിന്നെയും എത്രയോ തവണ ഞാന്‍ രക്തസാക്ഷിയായി!!മണ്ടത്തരങ്ങള്‍ കാണിച്ചും അതിനു കൂട്ട് നിന്നും ഞങ്ങള്‍ വളര്‍ന്നു. ആരോടും പറയരുത് എന്ന് പറഞ്ഞ ലുങ്കി കാര്യം ഇത് വരെ ഞാന്‍ രഹസ്യമാക്കി വെച്ചു. ഇനിപ്പോ എല്ലാരും അറിഞ്ഞോട്ടെ.. അല്ലെ ????!!!!