Tuesday 11 March 2014

ഇക്രു കഥകള്‍: ഭാഗം 2- സ്നേഹത്തിന്റെ ഭാഷ

ഇക്രൂ... എന്ന എന്റെ വിളി കേട്ടതും ഇക്രു രണ്ടാമന്‍, നമ്മുടെ രാജപാളയം ഓടി വന്നു എന്നെ നക്കാനും വാല്‍ ആട്ടാനും തുടങ്ങി.പണ്ടേ പരിചയമുള്ള പോലെ. സ്വന്തം ആള്‍ക്കാരെ കണ്ടാല്‍ പട്ടിക്ക് അറിയാം എന്ന് പറഞ്ഞു കുട്ടായി അണ്ണന്‍ എന്നെ കുറെ കളിയാക്കി. എങ്കിലും ആരോടും പരിചയമില്ലാത്ത അവന്‍ അങ്ങനെ ചെയ്തത് എല്ലാര്ക്കും അത്ഭുതമായി. വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് അത്ഭുതങ്ങള്‍ നല്‍കികൊണ്ട് അവന്‍ ആ വീടിന്റെ സ്വന്തമായി മാറി. അമ്മ ഇടക്ക് പറയും "അവന്‍ പട്ടിയല്ല, പകുതി മനുഷ്യനാ..!!!" മലയാളം മനസിലാവുന്ന, എന്ത് പറഞ്ഞാലും മുഖത്തെ ഭാവം കൊണ്ട് അതിനു മറുപടി നല്‍കുന്ന ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന ഒരു പാതി മനുഷ്യന്‍. എനിക്ക് പരിചയമുള്ള പല മനുഷ്യരേക്കാളും വിവരവും വിവേചന ബുദ്ധിയും അവനുണ്ടായിരുന്നു. ഞങ്ങള്‍ എവിടെ പോയാലും അവനും കൂടെ വരും.രാവിലെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടാക്കും. വിളിക്കാന്‍ വരും. ചില ദിവസം ഞങ്ങള്‍ പോയോ എന്ന് നോക്കാന്‍ അച്ഛന്‍ വരും. അപ്പോഴേക്കും ഇക്രു ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി കാണും. "ഇക്രുവേ..പിള്ളേരു പോയോടാ??" എന്ന അച്ഛന്റെ ചോദ്യം കേള്‍ക്കുമ്പോ അവന്റെ ഒരു ഭാവമുണ്ട്."ഹോ..ഇപ്പോഴാ ചോദിക്കുന്നെ..." എന്ന മട്ടില്‍. ഇവന്റെ ഈ സെക്യൂരിറ്റി പണി കാരണം നാട്ടിലെ ചെക്കന്മാര്‍ അവനൊരു പേരിട്ടു " ഹിറ്റ്ലര്‍!!!" എന്റെ കൌമാരക്കരുടെതായ ഒറ്റപെടലും പ്രശ്നങ്ങളും എല്ലാം കേട്ടിരുന്നത് അവനായിരുന്നു. അരമതിലില്‍ ഇരുന്നു ഞാന്‍ എന്റെ പ്രശ്നങ്ങള്‍ പറയും.അവന്‍ ആദ്യം ദൂരെ ഇരുന്നു കേള്‍ക്കും. കുറച്ച കഴിയുമ്പോ അടുത്ത് വന്ന്നു കിടക്കും.എന്റെ സങ്കടം മൂര്ധന്യവസ്ഥയില്‍ എത്തുമ്പോഴേക്കും അവന്‍ എന്റെ മടിയില്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിട്ടുണ്ടാവും. സ്കൂള്‍ വിട്ടു നേരത്തെ എത്യ ഒരു ദിവസം ഞാന്‍ മറക്കില്ല.വീട്ടില്‍ ആരുമില്ല.താക്കോലും ഇല്ല.അങ്ങനെ പറമ്പില്‍ ചുറ്റി നടന്ന ഞാന്‍ ചെന്ന് പെട്ടത് രണ്ടു ഭീകരന്‍ തെരുവ് നായ്ക്കളുടെ മുന്നില്‍..എന്ത് ചെയ്യണം..ഓടണോ?? അനങ്ങിയാല്‍ പട്ടികള്‍ കടിക്കും എന്നുറപ്പ്!!വേറെ ഒന്നും ചെയ്യാനില്ല..ഞാന്‍ സകല ദൈവങ്ങളെയും ഓര്‍ത്ത് ഒറ്റ വിളി. ഇക്രൂ.....!!!!!ഹിഹി!!! പിന്നെ കണ്ട കാഴ്ച ഒരിക്കലും എനിക്ക് മറക്കാന്‍ പറ്റില്ല..അങ്ങനെ ഒരു സീന്‍ ഹിന്ദി സിനിമയില്‍ പോലും കാണില്ല..ഒരു വളവു തിരിഞ്ഞു നായകനെ പോലെ ഓടി വരുന്ന ഇക്രു.അവന്റെ മുഖത്തെ ക്രൌര്യം കണ്ട ഞാന്‍ പേടിച് പോയി. കടിക്കാന്‍ വന്ന പട്ടികള്‍ വാലും ചുരുട്ടി ഓടി. അവന്‍ ഒരു മനുഷ്യനായിരുന്നേല്‍ ഉറപ്പായും അവനെ ഞാന്‍ പ്രേമിച്ചു പോയേനെ.. ചില വാക്കുകള്‍ അവനു നന്നായി അറിയാം. അടുക്കള, അമ്മ,കുളി, പൂട്ടാം, തുടല്‍ അങ്ങനെ അങ്ങനെ."അടുക്കളഭാഗത് ചെല്ലെട..അമ്മ നിന്നെ വിളിക്കുന്നു" എന്ന് പറഞ്ഞാല്‍ അമ്മ വാതില്‍ തുറക്കുമ്പോ അവന്‍ അവിടെ കാണും.വഴക്ക് പറയുമ്പോ മുഖത് നോക്കാതെ ഒരു ഇരുപ്പുണ്ട്.രാത്രി ചേറില്‍ ഒക്കെ പോയി മറിഞ്ഞ് രാവിലെ ഗേറ്റിന്റെ മുന്‍പില്‍ ഇരിക്കും. വിളിച്ച നല്ല വഴക്ക് കൊടുത്ത് തുടങ്ങുമ്പോഴേക്കും അവന്റെ ഇരിപ്പ് കണ്ട ഞാന്‍ ചിരിച്ചു പോകും. ആ തക്കത്തിന് അവന്‍ എസ്കേപ് ആവും.കുളിപ്പിക്കുന്നത് വല്യമ്മ ആയിരുന്നു.തുടല്‍ എടുക്ക് എന്ന് പറയുന്ന കേള്‍ക്കുമ്പോഴേ അവന്‍ ഓടും.വല്യമ്മ എന്നെ വിളിക്കും.ഓടിച്ചിട്ട് പിടിച്ച കുളിപ്പിക്കാന്‍. പിന്നെ ഞങ്ങളും സൂത്രം പഠിച്ചു.തുടല്‍, ചെയിന്‍, പൂട്ടാം, കുളി, ഇക്രു, ഈ വാക്കുകള്‍ ഒന്നും പറയില്ല. മിണ്ടാതെ ഇങ്ങു പിടിക്കും. തലേക്കുടി വെള്ളം ഒഴിക്കുമ്പോ അവന്റെ ഒരു നില്പുണ്ട്.ഇനിയൊന്നും സംഭവിക്കാന്‍ ബാക്കി ഇല്ല എന്ന പോലെ. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞങ്ങളെ എല്ലാവരെയും ഒരുപാട് കരയിച്ചാണ് അവന്‍ യാത്രയായത്. ഒരിക്കലും തിരിച്ചു വരാതെ..രക്ഷിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമാക്കി.. എപ്പോഴാണ് ഇനിയും അവന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് എന്നറിയില്ല.ചിലപ്പോ എന്റെ കുഞ്ഞുങ്ങളോടൊപ്പം കളിയ്ക്കാന്‍, അവര്‍ക്കൊപ്പം വളര്‍ന്നു വലുതാവാന്‍, അവര്‍ക്ക് സംരക്ഷകനായി, ബന്ധങ്ങള്‍ക്കും മനുഷ്യര്‍ക്കും അപ്പുറമുള്ള സ്നേഹത്തിന്റെ ഭാഷ അവരെയും പഠിപ്പിക്കാന്‍ അവന്‍ വരുമായിരിക്കും. എനിക്ക് തീര്‍ച്ചയാണ്!!!

No comments:

Post a Comment