Monday 3 March 2014

കുസൃതികളുടെ മാമ്പഴക്കാലം: മദ്ധ്യവേനല്‍ അവധിക്കാലം

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു വരവുണ്ട്..എങ്ങനെ എഴുതി എക്സാം എന്ന അമ്മയുടെ ചോദ്യം മൈന്‍ഡ് ചെയ്യാതെ ബാഗും പുസ്തകങ്ങളും എല്ലാം മുറിയില്‍ തള്ളി ഒറ്റ ഓട്ടമാണ്. പറമ്പില്‍ സര്‍വ്വേ അഥവാ " അയ്യം നിരങ്ങല്‍" നടത്തിയിട്ട്കുറെ നാളായിരിക്കും. ആദ്യം നോക്കുക എറിഞ്ഞിടാന്‍ പാകത്തിന് വല്ല മാങ്ങയും ഉണ്ടോ എന്നായിരിക്കും. പക്ഷെ എറിയില്ല. താഴെ കിടക്കുന്നതൊക്കെ പെറുക്കി തിന്നും. മാവില്‍  ഉള്ളതിന് വേറെയും അവകാശികള്‍ ഉണ്ട്. ബാക്കി രണ്ടു കുട്ടിച്ചാത്തന്മാര്‍ ഉടനെ തന്നെ ഹാജരാവും.

പരീക്ഷ തീരുമ്പോ തന്നെ വാണി ചേച്ചി അവിടെ യുദ്ധം തുടങ്ങിട്ടുണ്ടാവും. തറവാട്ടിലേക്ക് വരാന്‍. പൊടി പിന്നെ നിശബ്ദനാണ്.പൊടിയെ വിട്ടു കിട്ടാന്‍ ഞങ്ങള്‍ വാദിചോളും എന്ന് പുള്ളിക്ക്‌ നന്നായി അറിയാം. ദുഷ്ടന്‍!!!

പൊടിമോന്‍ അണ്ണനും വാണി ചേച്ചിയും!!! ഇവര്‍ രണ്ടും എന്റെ അച്ഛന്റെ സഹോദരിമാരുടെ അരുമ സന്താനങ്ങളാണ്. ഞാന്‍ ആണ് ഇക്കുട്ടത്തില്‍ ചെറുത്. അതിന്റെ ഗര്‍വ് രണ്ടിനും ഉണ്ട്. ഹ്ഉമം!!!!

ഞങ്ങള്‍ എന്നാണ് സുഹൃത്തുക്കള്‍ ആയത് എന്ന് ഓര്‍മ പോലും ഇല്ല. എല്ലാ അവധിക്കാലവും ഞങ്ങള്‍ ഒരുമിച്ചാവും. ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എല്ലാം തന്നെ വലിയവീട്ടിലെ ഭക്ഷ്യയോഗ്യമായ മരങ്ങളുടെ ചോട്ടിലായിരുന്നു. മുറ്റത്തെ ചെറി മരം, പറമ്പിലെ മൂന്നോ നാലോ മാവുകള്‍, തൊഴുത്തിന്റെ പിന്നിലെ മുത്തച്ഛന്‍ പുളി, വിറകു പുരയുടെ അടുത്തുള്ള പേര..ഇവരൊക്കെ ഞങ്ങളുടെ ബാല്യത്തിന്റെ സാക്ഷികളായി..

പച്ചമാങ്ങാ തീറ്റി തന്നെ ആയിരുന്നു പ്രധാന പണി. അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരുപാട് പ്രയത്നം വേണം. അമ്മാമ്മ പഴുപ്പിച്ചു മക്കള്‍ക് വീതിച്ച് കൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്ന മാങ്ങകളാണ് ലക്‌ഷ്യം. അപ്പൊ പിന്നെ റിസ്കിനെ പറ്റി പറയേണ്ടല്ലോ.

രണ്ടാമത്തെ പ്രശ്നം അമ്മുവാരുന്നു. എന്റെ കുഞ്ഞനിയത്തി. ഞങ്ങള്‍ അവളെ ടീമില്‍ എടുത്തിട്ടില്ലെങ്കിലും അവള്‍ കൂടെ വരും എവിടെ പോയാലും.
എവിടേലും തട്ടി വീണാല്‍ ഞങ്ങള്‍ക്ക് വഴക്കും കിട്ടും. അങ്ങനെ ഞങ്ങടെ പ്ലാനുകള്‍ എല്ലാം അവള്‍ പൊളിച്ചു കൊണ്ടിരിക്കുന്ന സമയം. അവള്‍ കാണാതെ എങ്ങനെ മുങ്ങാം എന്നതാരുന്നു അന്നത്തെ പ്രധാന കാര്യം.

പൊടിയും വാണിയും വീട്ടില്‍ എത്തി കുറച്ചു ദിവസത്തേക്ക് ആരും ഒന്നും പറയില്ല. പിള്ളേരു തിന്നോട്ടെ എന്ന് കരുതും. നമ്മളുണ്ടോ നിര്ത്തുന്നു!! കണ്ണിമാങ്ങാ വരെ ആക്രമിക്കും. അമ്മാമ്മ വയലന്റ് ആവും. മൂന്നിനെയും മൂന്നിടത്ത്‌ ആക്കും.

മാങ്ങ എറിഞ്ഞ വീഴ്ത്തുന്നത് പൊടിയാണ്. വാണി ചേച്ചി വീതിക്കും.
 ഇനിയാണ് അടുത്ത പ്രശ്നം. ഉപ്പെടുക്കാന്‍ ആര് പോകും???!!! രണ്ടു പേരും ഒരുമിച്ച് എന്നെ നോക്കും..അതെ!! ആ ബലിയാട് ഞാന്‍ തന്നെ!!!
അടുക്കളയില്‍ ചെന്നാല്‍ അമ്മയുടെ ചീത്ത ഉറപ്പാണ്‌. വലിയമ്മ ആദ്യമൊക്കെ ഉപ്പു തരും. രണ്ടു ദിവസം കഴിയുമ്പോ അതും നില്‍ക്കും. പിന്നെ ഒറ്റ വഴിയെ ഉള്ളു...മോഷണം!!!!! ഉപ്പു മാത്രമല്ല പുളി, അച്ചാര്‍, ഇത്യാദി സാധനങ്ങള്‍ എല്ലാം ഇരുട്ടുമുറിയില്‍ കയറി മോഷ്ടിക്കുന്നത് ഞാനായിരുന്നു.
(വലിയമ്മയ്ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തതു ഭാഗ്യം!!!)

ഇത് എഴുതുമ്പോ എന്റെ ഏറ്റവും വല്യ സന്തോഷം വലിയവീട്ടില്‍ ഇപ്പോഴും എറിഞ്ഞു വീഴ്ത്താന്‍ മാങ്ങകളും അത് ഉപ്പും കൂട്ടി തിന്നാന്‍ അടുത്ത തലമുറയിലെ വീരന്മാരും ഉണ്ടെന്നതാണ്. അത് അങ്ങനെ തന്നെ ആയിരിക്കട്ടെ!!!!   

No comments:

Post a Comment