Monday 3 March 2014

വലിയവീട്ടിലെ അമ്മ: ഞങ്ങളുടെ അമ്മാമ്മ

മാര്‍ച്ച്‌ മാസം...പരീക്ഷ തീരാന്‍ വേണ്ടി കാത്തിരിക്കുന്ന സമയം..ഞാന്‍ മാത്രമല്ല..വേറെ രണ്ടു പേരു കൂടിയുണ്ട്..പൊടിയും വാണി ചേച്ചിയും. കാര്യങ്ങള്‍ ഒരുപാടുണ്ട്..വല്യ അവധി ആയാലേ അമ്മാമ്മ ചാടിയില്‍ ഉപ്പിലിട്ടിരിക്കുന്ന നാട്ടു മാങ്ങ തിന്നാന്‍ കിട്ടു. അത് കൂടാതെ പറമ്പിലെ സകല മാവുകളിലെയും പച്ച മാങ്ങയും. മൂന്നിനെയും കൂടി വീട്ടുകാര്‍ ഒരുമിച്ച് കൂടുതല്‍ ദിവസം നിര്‍ത്തുന്നതുംമദ്ധ്യവേനല്‍ അവധിക്കു തന്നെ. കാരണം വേറെ ഒന്നുമല്ല..കയ്യിലിരുപ്പ് തന്നെ!!

പ്ലാനുകള്‍ ഒരുപാട് കാണും. അച്ഛന്‍ നേരത്തെ വാഗ്ദാനം തന്ന യാത്രകള്‍..കളിവീട്ടുണ്ടാക്കല്‍..പാട്ട് പഠിത്തം..അങ്ങനെയങ്ങനെ...എങ്കിലും ഞങ്ങളെ കൂടുതല്‍ സമയം സഹിക്കാന്‍ കരുണ കാണിച്ചിരുന്നത് അമ്മാമ്മ തന്നെ ആയിരുന്നു. കുസ്രുതി കാട്ടിയാല്‍ നല്ല വഴക്ക് തരുമാരുന്നെകിലും അമ്മാമ്മക്ക് ഞങ്ങളെ വല്യ ഇഷ്ടാരുന്നു. രാത്രി ഉറങ്ങുന്നതിനിടയില്‍ ക്യ്നീട്ടി എല്ലാരും അടുത്തുണ്ടോ എന്ന് നോക്കും അമ്മാമ്മ.

പകലൊക്കെ ഊന്നുവടിയും കൊണ്ട് പറമ്പിലൊക്കെ നടക്കും. പിറകെ ഞാനും. കാടു കയറിയ്തൊക്കെ വൃത്തിയാക്കും..വീണു കിടക്കുന്ന മടലും തേങ്ങയും ഒക്കെ പെറുക്കി കൂട്ടും. കാവും ആല്‍ത്തറയും പേരു അറിയാവുന്നതും അല്ലാത്തതുമായ വന്മരങ്ങളും ചെടികളും ഒക്കെയുള്ള ആ പറമ്പില്‍ അമ്മാമ്മ അറിയാതെ ഒരു പുല്‍ക്കൊടി പോലും മുളയ്ക്കില്ല.

സ്വതവേ സ്വപ്നജീവിയായ ഞാന്‍ ഉച്ചയ്ക്കും സന്ധ്യയ്ക്കും ഒക്കെ പറമ്പില്‍ ചുറ്റിതിരിയുമ്പോ അമ്മാമ്മ പറയും "നേരമല്ലാത്ത നേരത്ത് അയ്യം നിരങ്ങല്ലേ പെണ്ണെ..". ഈ സമയത്താ അത്രേ ദേവന്മാരും യക്ഷകിന്നരഗന്ധര്‍വന്മാരും ഒക്കെ സഞ്ചരിക്കുന്നത്.. അതും ഞങ്ങളുടെ പറമ്പില്‍ കൂടി..!!! പിന്നെ എന്റെ കറക്കം ഇവരെ ഒന്നും കാണാന്‍ വേണ്ടി ആയി. അമ്മാമ്മ പറഞ്ഞാ എനിക്ക് വിശ്വാസം ആരുന്നു.

വിശ്വാസത്തിന്റെ കാര്യം പറഞ്ഞപ്പോഴാ...ആല്‍മരത്തില്‍ ഒരു പ്രത്യേക സ്ഥലം ഉണ്ട്.ഒരു മുനംബ്..എന്നും വിളക്ക് കൊളുത്തുമ്പോ അതില്‍ തൊട്ടു പ്രാര്‍ത്ഥിക്കും അമ്മാമ്മ. അത് പരബ്രഹ്മം ആണത്രേ..ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു.. അതുപോലെ വീട്ടില്‍ ആരും ഇല്ലാത്തപ്പോ പൂജാമുറിയുടെ പുറത്ത് എന്നും കാവല് കിടന്നിരുന്ന ഒരു തടിയന്‍ ചേര സര്‍പ്പരാജാവിന്റെ പ്രതിരൂപം ആയിരുന്നു!!!. ആരും അതിനെ ഒന്നും ചെയ്തില്ല. ഞങ്ങള്‍ കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോ അത് "എന്റെ ഡ്യൂട്ടി കഴിഞ്ഞു "എന്ന മട്ടില്‍ നമ്മളെ മൈന്‍ഡ് പോലും ചെയ്യാതെ ഒരു പോക്കുണ്ട്. അത് പൊക്കോട്ടെ പാവം എന്ന് പറയും അമ്മാമ്മ.

കുടുംബം എന്നത് മനുഷ്യനും അവന്റെ മക്കളും മാത്രമല്ല പ്രകൃതി കൂടി ആണെന്ന് പറയാതെ എന്നെ പഠിപ്പിക്കുക ആരുന്നു കാണും അമ്മാമ്മ. ആല്‍മരത്തിലെ കിളികളോടും, പേരമരതോടും, മുറ്റത്തെ ചെറി മരത്തോടും ഒക്കെ കൂട്ട് കൂടിയുള്ള ഒരു കുട്ടിക്കാലം കിട്ടിയത് അമ്മാമ്മ കാരണം ആയിരിക്കും.ഉറക്കത്തില്‍ എന്നെ തേടി വരുന്ന ആ തലോടല്‍ നഷ്ടമായപ്പോഴാണ് ആ സ്നേഹത്തിന്റെ വില മനസിലായത്...

പറഞ്ഞ വന്നത് പൊടിയെയും വാണി ചേച്ചിയേയും പറ്റിയാണ്. അവരുടെ ഭാഗ്യം കൊണ്ട് ഇടക്ക് അമ്മാമ്മയെ ഓര്‍മ വന്നു. അത്കൊണ്ട് ആ കഥകള്‍ തല്ക്കാലം അങ്ങനെ നിക്കട്ടെ..രണ്ടു പേരും ഒന്ന് കരുതി ഇരുന്നോളു!!!!നമ്മുടെ കുട്ടി കഥകളുമായി ഞാന്‍ വീണ്ടും വരും..ജാഗ്രതെ!!!!

No comments:

Post a Comment