Wednesday 12 March 2014

മതിലുകള്‍ ഇല്ലാത്ത ലോകം

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാടിനു ചുറ്റും മതിലുകളില്ലായിരുന്നു. പകരം മുള്ളുവേലികളും കയ്യാലകളും ആയിരുന്നു. അത് തന്നെ പലയിടത്തും ഉണ്ടാവില്ല. അയല്‍വീടുകളിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ തക്കവണ്ണം അടുത്തായിരുന്നില്ല ഒരു വീടും. എങ്കിലും എന്ത് സംഭവിച്ചാലും നിമിഷങ്ങള്‍ക്കകം എല്ലാവരും അറിഞ്ഞിരുന്നു.അടുത്ത പറമ്പിലെ പുളി പെറുക്കാനും ചാമ്പക്ക എറിഞ്ഞു വീഴ്ത്താനും ഞങ്ങള്‍ക്ക് മതില് ചാടെണ്ടിയിരുന്നില്ലാത്ത സുവര്‍ണകാലം.!! ഞങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത്‌ താമസിച്ചിരുന്നത് രണ്ടു സാറന്മാര്‍ ആയിരുന്നു. അമ്മമ്മയുടെ ഭാഷയില്‍ ഒരു ആണ്‍ സാറും ഒരു പെണ്‍ സാറും. അധികമൊന്നും അവരെ പുറത്തേക്ക് കണ്ടിരുന്നില്ല.മരങ്ങളാല്‍ ചുറ്റപെട്ട ഒരു വീട്. എപ്പോഴും നിശ്ശബ്ദത. തൊഴുത്തില്‍ നിന്നും ഇടക്ക് കുടമണി ശബ്ദം കേള്‍ക്കാം. ഓച്ചിറ കാള ആണത്രേ!!ആ പ്രദേശത്ത് ഓച്ചിറകാള വന്നാല്‍ അവരുടെ തൊഴുത്തില്‍ ആണ് കെട്ടുന്നത്.അന്വേഷണ കുതുകിയായ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം!!! അങ്ങനെ ഞാന്‍ ആ പറമ്പ് നോട്ടമിട്ടു. വേറെ ഒരു കാരണം കൂടിയുണ്ട്. ഒരു പ്രധാന കാരണം... ചുവന്നു തുടുത്ത ചാമ്പക്ക ഉണ്ടാവുന്ന ഒരു ചാമ്പമരം!!! രാത്രിയില്‍ തൊഴുത്തില്‍ നിന്നും കുടമണി ശബ്ദം കേള്‍ക്കുമ്പോ എന്തെന്നറിയാത്ത ഒരു പേടിയാണ്. അമ്മമ്മയോട് ചേര്‍ന്ന് കണ്ണടച്ച് കിടക്കും. അവധി ദിവസങ്ങളില്‍ മുള്ളുവേലിയുടെ അടുത്തൊക്കെ കറങ്ങി നടക്കും. അണലിയും കരിമൂര്ഖനും ഒക്കെയുള്ള സ്ഥലമാണ്‌. അമ്മയോ അമ്മാമ്മയോ കണ്ടാല്‍ ചീത്ത പറയും. കൂടെ പൊടി ഉണ്ടെങ്കില്‍ വേലി ചാടി ചാമ്പക്ക പറിച് തരും. ഒറ്റക്ക് അതിനുള്ള ധൈര്യം എനിക്കില്ല. ഇങ്ങനെയുള്ള സകല കുരുത്തകേടിനും കൂട്ട് പൊടിയായിരുന്നു. വാണി ചേച്ചി ചിലപ്പോ നല്ല കുട്ടിയായി നമ്മളെ ഉപദേശിക്കും. പൊടി ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരും. ഏത് മാങ്ങയും എറിഞിടും. ഏത് മുള്ളുവേലിയും ചാടും.ഇതൊക്കെ ആണെങ്കിലും എന്തെകിലും പ്രശ്നം വന്നാല്‍ ആദ്യം ഓടി രെക്ഷപെടും. അടിയൊക്കെ ഞാന്‍ തന്നെ വാങ്ങിച്ചോണം. അതാണ് പുള്ളിയുടെ ഒരു സ്റ്റൈല്‍!!! വടക്ക് വശത്ത് താമസിച്ചിരുന്നത് സണ്ണി അച്ചായനും അമ്മാമ്മയും ആയിരുന്നു. കറിവേപ്പില പറിക്കാനും ക്രിസ്ത്മസ്സിന്റെ അന്ന് രാവിലെ അപ്പവും ചിക്കന്‍ സ്ടൂവും തിന്നാനും അല്ലാതെ അങ്ങോട്ട്‌ പോവുന്നത് ആട്ടിന്‍കുട്ടിയെ കളിപ്പിക്കാന്‍ ആയിരുന്നു. അത് വഴി സ്ഥിരം സഞ്ചരിച്ചിരുന്നത് എന്റെ അനിയത്തി അമ്മുവായിരുന്നു. എന്നും രാവിലെ പോകും കൊഴുക്കട്ട തിന്നാന്‍. അവള്‍ക്കിരിക്കാന്‍ അവിടെ ഒരു കൊരണ്ടിയും ഉണ്ടായിരുന്നു. മുള്ള് വേലികളുടെ സ്ഥാനം മതിലുകള്‍ കൈയടക്കി. ആണ്‍ സാറിനും പെണ്‍ സാറിനും പകരം എക്സൈസ്സുകാരായി. കുടമണി കിലുക്കത്തിന് പകരം വറ്റിയ ചാരായത്തിന്റെ ഗന്ധവും.ചാമ്പമരം ഇപ്പോഴും അവിടെ ഉണ്ട്. ചാമ്പക്ക നിലത്ത് വീണു ഉറുമ്പരിക്കുന്നു. ക്രിസ്ത്മസ്സിന്റെ അന്ന് കേക്ക് കൊണ്ട് വരാനും പ്രാതലിനു ക്ഷണിക്കാനും സണ്ണി അച്ചായന്‍ ഇന്നില്ല. പ്രായമായവര്‍ നമ്മെ വിട്ടു പോകുമ്പോ സ്നേഹത്തിന്റെ ഒരു പുഴ വറ്റിപോകുന്ന പോലെ...അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിന്റെ ഒരംശം ആയിരിക്കും കണ്ണുനീരായി എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത്.കാലം അടുത്ത തലമുരയ്ക്കായി ബാക്കി വെക്കുന്നതും ഇതൊക്കെ തന്നെ അല്ലെ?? പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍, അവര്‍ പകര്‍ന്നു തന്ന സ്നേഹം..ഇത് മാത്രമാണ് മനുഷ്യന്‍ ബാക്കി വെച്ചിട്ട് പോകുന്നതെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നേനെ!!!!

1 comment:

  1. വായിച്ചൂ ..
    പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍, അവര്‍ പകര്‍ന്നു തന്ന സ്നേഹം..ഇത് മാത്രമാണ് സുന്ദരം വളറെ ശരിയാണ്

    ReplyDelete