Monday 24 March 2014

ഇലഞ്ഞിപൂക്കള്‍

ഉണങ്ങിയ ഇലഞ്ഞിപൂക്കള്‍ക്ക് ഒരു പ്രത്യേക ഗന്ധമാണ്. ഇന്നലെ താന്‍ ഒരു സുന്ദരിയായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു ഗന്ധം. വീട്ടിലെ ഇലഞ്ഞി മരങ്ങളില്‍ ഒന്ന് പണ്ടെപ്പോഴോ ഉണങ്ങി. ബാക്കിയുള്ളത്ആലിനോട് ചേര്‍ന്ന് നില്പുണ്ട്. ആല്മാവ് പോലെ ആലിനേയും ഇലഞ്ഞിയെയും തമ്മില്‍ കല്യാണം കഴിപ്പിചാലോ എന്ന് ഞാന്‍ ആലോചിചിടുണ്ട്.

ഇലഞ്ഞിപൂക്കള്‍ എനിക്ക് വല്യ ഇഷ്ടമാണ്. ഓലനാരില്‍ കോര്‍ത്ത് കയ്യില്‍ കെട്ടി നടക്കുമാരുന്നു. കത്തിക്കാന്‍ തൂത് കൂടി ഇട്ടിരിക്കുന്ന ഉണക്ക പൂക്കളുടെ ഇടയില്‍ നല്ലത് കാണും ചിലപ്പോ. അത് ഇളക്കി മറിക്കുമ്പോ ഒരു മണമുണ്ട്..ഹോ...

ഇലഞ്ഞികുരു കൊണ്ട് ഒറ്റയും ഇരട്ടയും കളിക്കും. വല്യച്ഛന്റെ കൂടെ. ഇടക്കൊക്കെ വല്യച്ചന്‍ കള്ളക്കളി കളിക്കും. അമ്മുവിന്‍റെ
മുറിയില്‍ ഇപ്പോഴുമുണ്ട് ഒരു പാത്രം നിറയെ ഇലഞ്ഞിക്കുരു.

വയ്കുന്നേരം വിളക്ക് കത്തിക്കാന്‍ ചെല്ലുമ്പോ കാണാം തൂത്തു വൃത്തിയാക്കിയ ആല്‍ത്തറയില്‍ വീണു കിടക്കുന്ന മൂന്നോ നാലോ ഇലഞ്ഞിപൂക്കള്‍. ഈ കാല്‍പനിക സൗന്ദര്യം എന്നൊക്കെ പറയുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നത് വീണു കിടക്കുന്ന ഇലഞ്ഞിപൂക്കളില്‍ ആയിരുന്നു.

സന്ധ്യ നേരം, ആല്‍ തറയിലെ ഇലഞ്ഞിപൂക്കള്‍, കത്തിച്ച വിളക്ക്, ചന്ദനത്തിരിയുടെ സുഗന്ധം, അടുത്തുള്ള അമ്പലത്തിലെ സംഗീതം, ചെറുതായ് വീശുന്ന കാറ്റ്, അതില്‍ താഴേക്ക് വീഴുന്ന ആലിലകള്‍. വീഴുന്ന ഇലകളില്‍ ഒന്ന് ഞാനായി തീരുന്ന നിമിഷം!!

മനസ്സിനെ ആലിലകള്‍ക്ക് ഒപ്പം പറക്കാന്‍ വിട്ട് മേഘങ്ങളെ നോക്കി അങ്ങനെ നില്‍ക്കണം. അരൂപികള്‍ ആയ,  എന്നോട് എന്തോ പറയാന്‍ കൊതിക്കുന്നവരോടൊപ്പം....

No comments:

Post a Comment